കണ്ണൂർ: പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന "ലിറ്റിൽ കൈറ്റ്സ്' ഐടി ക്ലബുകളുടെ 2026 വർഷത്തെ സംസ്ഥാന-ജില്ലാതല അവാർഡുകൾ പ്രഖ്യാപിച്ചു. തലശേരി സേക്രഡ് ഹാർട്ട് ഗേൾസ് ഹൈസ്കൂൾ ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടി. തളിപ്പറന്പ് മൂത്തേടത്ത് ഹൈസ്കൂൾ, മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ.
ഉപജില്ലകളിലെ മികച്ച വിദ്യാലയങ്ങൾ: ചന്പാട് ചോതാവൂർ ഹൈസ്കൂൾ (ചൊക്ലി), കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂൾ, (ഇരിക്കൂർ), കൊട്ടിയൂർ ഐജെഎം ഹയർ സെക്കൻഡറി സ്കൂൾ, (ഇരിട്ടി), മുണ്ടേരി ഗവ. ഹയർ സെക്കൻഡറി സ്കൂൾ (കണ്ണൂർ നോർത്ത്), പെരളശേരി എകെജിഎസ് ഗവ. ഹയർ സെക്കൻഡറി സ്കൂൾ (കണ്ണൂർ സൗത്ത്), കൊട്ടില ഗവ. ഹയർ സെക്കൻഡറി സ്കൂൾ (മാടായി), ശിവപുരം ഹൈസ്കൂൾ (മട്ടന്നൂർ), പാപ്പിനിശേരി ഇ.എം.എസ്. സ്മാരക ഗവ.ഹയർ സെക്കൻഡറി സ്കൂൾ (പാപ്പിനിശേരി), പയ്യന്നൂർ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ (പയ്യന്നൂർ), മമ്പറം ഹയർ സെക്കൻഡറി സ്കൂൾ (തലശേരി നോർത്ത്), ചിറക്കര ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ (തലശേരി സൗത്ത്), തളിപ്പറമ്പ് സർ സയ്യിദ് ഹൈസ്കൂൾ (തളിപ്പറമ്പ് നോർത്ത്).
എഐ ലിറ്ററസി, റോബോട്ടിക് പരിശീലനം, ഡിജിറ്റൽ ഇൻക്ലൂഷൻ, സ്കൂളുകളുടെ സാമൂഹിക ഇടപെടലുകൾ തുടങ്ങിയ വിവിധ മേഖലകളിലെ മികച്ച പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. തിരുവനന്തപുരം കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അവാർഡുകൾ സമ്മാനിച്ചു. നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ സ്പെഷ്യൽ സെക്രട്ടറി ഡോ. ഡി സജിത് ബാബു, പൊതുവിദ്യാഭ്യാസ ഡയറക്ടർ സ്നേഹിൽകുമാർ സിംഗ് ഐഎഎസ്, കൈറ്റ് സിഇഒ കെ. അൻവർസാദത്ത് എന്നിവർ പങ്കെടുത്തു. ജില്ലാതലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്ക് യഥാക്രമം 40,000, 30,000, 20,000 രൂപ വീതമാണ് കാഷ് അവാർഡ്. പുരസ്കാര തുകയ്ക്ക് പുറമെ പ്രത്യേകം രൂപകല്പന ചെയ്ത ട്രോഫിയും പ്രശംസാപത്രവും സ്കൂളുകൾക്ക് വിതരണം ചെയ്തു.